10:54am 09 September 2026
NEWS
പരീക്ഷാ ക്രമക്കേടുകൾ‌ തുടർക്കഥയാകുന്നു; പിഎസ്‌സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വിദ്യാർത്ഥി പ്രക്ഷോഭം
08/09/2026  07:57 AM IST
nila
പരീക്ഷാ ക്രമക്കേടുകൾ‌ തുടർക്കഥയാകുന്നു; പിഎസ്‌സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ വിദ്യാർത്ഥി പ്രക്ഷോഭം

പൂനെ: തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലും വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. ഡൽഹിയിലും ജാർഖണ്ഡിലും ഉയർന്ന സമാന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പൂനെയിലും വിദ്യാർഥികൾ തെരുവിലിറങ്ങിയത്. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കെതിരെ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എംപിഎസ്‌സി) ചെയർമാന്റെയും സെക്രട്ടറിയുടെയും രാജിയുൾപ്പെടെയുള്ള ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവയ്ക്കുന്നത്.

മാർച്ചിൽ നടക്കേണ്ടിയിരുന്ന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇൻസ്പെക്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ടിഇടി പരീക്ഷയിലും സമാനമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിനിടെ അന്തർസംസ്ഥാന സംഘത്തെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബോംബെ ഹൈക്കോടതി ക്ലർക്ക് പരീക്ഷയിലും വ്യാപക സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായത് വിദ്യാർഥികളുടെ പ്രതിഷേധം കൂടുതൽ ശക്തമാക്കി.

പൂനെയിലെ വിദ്യാർഥി സമരം ഒരു പരീക്ഷയുടെയോ നിയമനത്തിന്റെയോ മാത്രം പ്രശ്നമല്ലെന്നും മുഴുവൻ പരീക്ഷാ സംവിധാനത്തിലുമുള്ള വിശ്വാസം തകർന്നതിന്റെ പ്രതിഫലനമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. സമരത്തിന് എൻസിപി നേതാവ് സുപ്രിയ സുലെയും ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് ആദിത്യ താക്കറെയും പിന്തുണ പ്രഖ്യാപിച്ചു. മറാത്ത നേതാവ് മനോജ് ജാരങ്കെ പാട്ടീലും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെ വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ ഏഴംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. എന്നാൽ ഇതുകൊണ്ടും സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല.

ചോദ്യപേപ്പർ ചോർച്ചകളിൽ സമഗ്ര അന്വേഷണം നടത്തുക, എംപിഎസ്‌സി ചെയർമാനും സെക്രട്ടറിയും രാജിവയ്ക്കുക, പരീക്ഷാ നടത്തിപ്പിൽനിന്ന് സ്വകാര്യ ഏജൻസികളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാർഥികളുടെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img